Puthan Panam Review

മുൻവിധികളില്ലാതെ കണ്ടാസ്വദിക്കുവാനുള്ള അഭ്യർത്ഥനയുമായാണ് രഞ്ജിത്ത്-മമ്മൂട്ടി ടീമിന്റെ പുത്തൻ പണം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇരുവരും ഒരുമിച്ച കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ പരാജായും കൂടിയാകാം ഇത്തരമൊരു പരസ്യ വാചകത്തിന് കാരണമായത്. മമ്മൂട്ടിയുടെ കാസർകോട് സ്ലാങ്ങും, വ്യത്യസ്ത ഗെറ്റപ്പുകളും അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട നോട്ട് നിരോധനം എന്ന വിഷയവുമൊക്കെ ചേർന്ന് സൃഷ്‌ടിച്ച പ്രതീക്ഷകളോടെയാണ് പുത്തൻ പണം വെള്ളിത്തിരയിൽ എത്തിയത്.

നോട്ട് നിരോധനത്തെ തുടർന്ന് ഉണ്ടാകുന്ന അപ്രതീക്ഷിതമായ ഒരു സംഭവത്തിലൂടെയാണ് കഥ വികസിക്കുന്നത് .ഇൻവെസ്റ്റിഗേഷൻ മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വാണിജ്യ സിനിമയുടെ ചേരുവകൾ സമർത്ഥമായി ഉപയോഗിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയിലെ ചില രംഗങ്ങളിൽ പ്രകടമാകുന്ന വേഗതക്കുറവ് ഒഴിച്ച് നിർത്തിയാൽ പുത്തൻ പണം ആസ്വാദ്യകരമായ ഒരു ചലച്ചിത്രാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. തിരക്കഥയിലും സംവിധാനത്തിലും രഞ്ജിത്ത് ടച്ച് നിലനിർത്താൻ ചിത്രത്തിനായി. മമ്മൂട്ടി എന്ന വലിയ താരത്തിന്റെ സാന്നിദ്ധ്യത്തിലും ചെറുതും വലുതുമായ മറ്റു കഥാപാത്രങ്ങൾക്ക് കൃത്യമായ സ്പെയിസ് നൽകുവാനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയുടെ പ്രമേയത്തോടും അവതരണത്തോടും ചേർന്ന് നിൽക്കുന്ന സംഗീതവും, മികച്ച ഛായാഗ്രഹണവും എഡിറ്റിങ്ങും പുത്തൻ പണത്തിന് മികവേകുന്നു

ഡേവിഡ് നൈനാനായി നിറഞ്ഞു നിൽക്കുന്ന ‘ദി ഗ്രേറ്റ് ഫാദർ’ പ്രദർശനം തുടരുമ്പോൾ തന്നെയാണ് നിത്യാനന്ദ ഷേണായി എന്ന വേറിട്ടൊരു കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുന്നത്.ജനപ്രിയ സിനിമകളുടെ രസക്കൂട്ടുകളുടെ ഭാഗമാകുമ്പോഴും അഭിനയരീതിയിലും ശരീരഭാഷയിലും സംഭാഷണ രീതികളിലുമൊക്കെ പുതുമകൾ സൃഷ്ടിക്കുവാനുള്ള ഒരു നടന്റെ വിജയകരമായ ശ്രമങ്ങളുടെ കൃത്യമായ അടയാളപ്പെടുത്തലുകളാണ് ഇത്തരം കഥാപാത്രങ്ങൾ. പ്രമേയപരമായി പുതുമ നിലനിർത്തുന്ന, വാണിജ്യ സിനിമകളുടെ അച്ചിൽ വാർത്തെടുത്ത ‘പുത്തൻ പണ’ത്തിന് മമ്മൂട്ടി ആരാധകർക്കൊപ്പം എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ ഒരു വലിയ പരിധിവരെ സാധിച്ചിട്ടുണ്ട്.