മോഹൻലാൽ – ബി.ഉണ്ണികൃഷ്ണൻ ടീമിന്റെ വില്ലൻ മലയാളത്തിലെ പതിവ് ത്രില്ലർ സിനിമകളുടെ പാതയിൽ നിന്ന് മാറി സഞ്ചരിക്കുന്ന ഒരു ചിത്രമാണ്. ചടുലമായ അവതരണ രീതിയും ആക്ഷനും ട്വിസ്റ്റുകളും നിറഞ്ഞ ത്രില്ലർ സിനിമകളിൽ നിന്ന് വേറിട്ട അനുഭവമാണ് വില്ലൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.ഒരു കൊലപാതക പരമ്പരയാണ് സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുന്നത്. മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ (മോഹൻലാൽ) കുടുംബ ജീവിതത്തിലെ സംഭവ വികാസങ്ങളും കഥയിൽ ഇഴ ചേരുന്നു. ആകാക്ഷയുണർത്തുന്ന നിരവധി രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ തിരക്കഥയാണ് സിനിമയുടേത്. ഇടയ്ക്കെങ്കിലും വേഗത കുറഞ്ഞ കഥാഗതി ചെറിയ കല്ലുകടി ആകുന്നുവെങ്കിലും ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ തിരക്കഥാകൃത്ത് വലിയൊരളവുവരെ വിജയിച്ചിരിക്കുന്നു.

                     കണ്ടു ശീലിച്ച കാഴ്ച്ചാനുഭവങ്ങളിൽ നിന്ന് വേറിട്ട അവതരണ രീതി പിന്തുടരുക എന്ന വെല്ലുവിളി ഏറ്റെടുത്ത സംവിധായകൻ അഭിനന്ദനം നേടുന്നു. ബി. ഉണ്ണികൃഷ്ണൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിനോട് ചിലപ്പോഴെങ്കിലും സാമ്യം തോന്നുമെങ്കിലും അവതരണത്തിലെ വ്യത്യസ്തത വില്ലനെ വേറിട്ട് നിർത്തുന്നു. മോഹൻലാൽ സമീപകാലത്തു അവതരിപ്പിച്ച മികച്ച കഥാപത്രങ്ങളിൽ ഒന്നാണ് മാത്യു മാഞ്ഞൂരാൻ. അദ്ദേഹം തന്നെ മുൻപ് അവതരിപ്പിച്ച ചില കഥാപാത്രങ്ങളോട് സാമ്യം തോന്നാമെങ്കിലും അഭിനയത്തിലെ സൂക്ഷ്മമായ അംശങ്ങൾ കൊണ്ട് മാത്യു മാഞ്ഞൂരാൻ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നു. വിശാലിന്റെ ശക്തിവേൽ പളനിസ്വാമി യും മികച്ചതായി.സിദ്ദിഖ് മഞ്ജു വാര്യർ, ഹനിസ്‌ക , അജു വർഗീസ് , ചെമ്പൻ വിനോദ് തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ മികച്ചു നിന്നു. സംഗീതം, ഛായാഗ്രഹണം എഡിറ്റിങ് തുടങ്ങി സാങ്കേതികമായും മികവ് പുലർത്തുന്നു വില്ലൻ

                          ത്രില്ലർ എന്നതിനേക്കാൾ ഒരു ഇമോഷണൽ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് വില്ലൻ .ആൿഷൻ ത്രില്ലർ ചിത്രങ്ങളുടെ സ്ഥിരം ചേരുവകൾ അധികം ഇല്ലാതെ ഒരുക്കിയ വില്ലൻ വേറിട്ട ഒരു സിനിമാ അനുഭവം സമ്മാനിക്കുന്നു.