നരസിംഹം അവതരിച്ച ദിവസം ‘ആദി’ എത്തുന്നു. യുവതാരങ്ങളിൽ കരുത്തനായി മുന്നേറാൻ പ്രണവിന് കഴിയുമോ?

                    മലയാളത്തിലെ യുവ താരങ്ങൾ തമ്മിൽ ആരോഗ്യപരമായ മത്സരം നിലനിൽക്കുന്നുണ്ട്. കലാപരമായി മേന്മ പുലർത്തുന്ന സിനിമകളും ബോക്സ് ഓഫീസ് വിജയങ്ങൾ ലക്ഷ്യമിടുന്ന എന്റർടൈനർ സ്വഭാവമുള്ള സിനിമകളും ഒരുപോലെ തിരഞ്ഞെടുത്തത് മുന്നേറുകയാണ് നിവിൻ പോളി, ദുൽഖർ സൽമാൻ, ടോവിനോ തോമസ് തുടങ്ങിയ മുൻ നിര യുവ താരങ്ങൾ. പുതുവർഷം മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ആദിയിലൂടെ മോഹൻലാലിന്റെ മകൻ പ്രണവും കളത്തിൽ ഇറങ്ങുകയാണ്. കളക്ഷൻ റിക്കാർഡുകൾ തിരുത്തി എഴുതിയ മോഹൻലാൽ ചിത്രം നരസിംഹം റിലീസ് ചെയ്ത ജനുവരി 26 നാണ് പ്രണവിന്റെ ‘ആദി’ എത്തുന്നത്. നരസിംഹം നിർമിച്ച ആശിർവാദ് പ്രൊഡക്ഷൻസാണ് ആദിയും നിർമിച്ചിരിക്കുന്നത്. ദൃശ്യത്തിലൂടെ മോഹൻലാലിന് ബ്ലോക്ബസ്റ്റർ വിജയം സമ്മാനിച്ച ജിത്തു ജോസഫ് പ്രണവിന് ആദിയിലൂടെ ഗംഭീര തുടക്കം സമ്മാനിക്കുമോ എന്നാണ് സിനിമാ രംഗവും പ്രേക്ഷകരും ഉറ്റു നോക്കുന്നത്. യുവതാരങ്ങളിൽ കരുത്തനായി മുന്നേറാൻ പ്രണവിന് കഴിയുമെന്നാണ് ആദിയുടെ ട്രെയിലറിനും പാട്ടിനും ലഭിച്ച സ്വീകരണവും സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പും സൂചിപ്പിക്കുന്നതെന്നും കരുതപ്പെടുന്നു. പ്രണവിന്റെ പേരിൽ ഫാൻസ്‌ അസോസിയേഷൻ യൂണിറ്റുകളും രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. സൂപ്പർ താര സിനിമകൾക്കെന്നപോലെ പല കേന്ദ്രങ്ങളിലും ആദിക്കുവേണ്ടി ഫാൻസ്‌ ഷോകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്