Exclusive Interview With Director Jibu Jacob
സമരങ്ങളും വിവാദങ്ങളും നിറഞ്ഞ സാഹചര്യങ്ങൾ മാറി, പുതുവർഷത്തിൽ കൂടുതൽ കരുത്തോടെ മുന്നേറാനൊരുങ്ങുകയാണ് മലയാള സിനിമ. റിലീസ് വൈകിയ ചിത്രങ്ങൾ ഈ ആഴ്ച മുതൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തീയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ സംവിധായകൻ ജിബു ജേക്കബ് മലയാള സിനിമാ ലൈവിനോട്
 
  • വിവാദങ്ങൾ ഒഴിഞ്ഞ സാഹചര്യത്തൽ എന്ത് തോന്നുന്നു? മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന് പ്രദർശനത്തിനെത്തും?
 
= വിവാദങ്ങളും സമരങ്ങളും ഒഴിവായി തീയേറ്ററുകൾ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നത് മലയാള സിനിമയെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷം പകരുന്നതാണ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ജനുവരി 20 ന് പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒരു മാസത്തോളം റിലീസ് വൈകിയ അവസരത്തിൽ, ഇനി ഒട്ടും വൈകാതെ ചിത്രം റിലീസ് ചെയ്യണം എന്നാണ് അണിയറ പ്രവർത്തകരുടെ ആഗ്രഹം.
 
  • സംഘടനകളുടെ ബാഹുല്യം സിനിമകൾ രംഗത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് അന്തരിച്ച നടൻ തിലകൻ ഒരിക്കൽ പറയുകയുണ്ടായി. സിനിമാ മേഖലയെ സ്തംഭിപ്പിച്ച മറ്റൊരു സമര കാലവും കഴിഞ്ഞ് പുതിയൊരു സംഘടനയുടെ പിറവിക്കും മലയാള സിനിമ സാക്ഷ്യം വഹിക്കുമ്പോൾ ഏറെ വർഷങ്ങളിലായി മലയാള സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്ത് തോന്നുന്നു?
 
= സംഘടനകൾ ഉണ്ടാകുന്നത് നല്ലതു തന്നെയാണെന്നാണ് എന്റെ പക്ഷം. പക്ഷേ അവയുടെ ലക്ഷ്യവും പ്രവർത്തനവും സിനിമയുടെ ഉന്നമനത്തിനു വേണ്ടി മാത്രമാകണം. പലപ്പോഴും സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്നവരുടെ ഏകാധിപത്യപരമായ നിലപാടുകളാണ് പ്രശ്നം സൃഷ്ടിക്കുന്നത്
 
  • വൻ വിജയം നേടിയ വെള്ളിക്കടുവയ്ക്കു ശേഷം മോഹൻലാൽ എന്ന മഹാ നടനോടൊപ്പം ഒരു ചിത്രം
 
= ആദ്യ ചിത്രത്തിന്റെ വൻ വിജയവും, സ്വീകാര്യതയും തന്നെയാണ് ലാലേട്ടനെപ്പോലെ ഒരു മഹാ നടനോടൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ഈ ചിത്രവുമായി എത്താൻ സഹായിച്ചത്. പതിറ്റാണ്ടുകളായി നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിനയ പ്രതിഭയായ ലാലേട്ടനോടൊപ്പം ഒരു ചിത്രം എന്നത് എൻറെ വലിയ ഭാഗ്യമാണ്
 
  • കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. കുടുംബ ചിത്രങ്ങൾക്ക് ഇക്കാലത്തും നല്ല സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പുണ്ടോ?

 

= തീർച്ചയായും ഉണ്ട്. ഇന്നും മലയാളത്തിൽ വൻ വിജയം നേടുന്ന പല ചിത്രങ്ങൾക്കും കുടുംബ ബന്ധങ്ങളുടെ ട്രാക്ക് കൂടിയുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ജീവിക്കുന്ന ചുറ്റുപാടുകളിലെ സാഹചര്യങ്ങളിൽനിന്ന് പ്രേക്ഷകർക്ക് പരിചിതമായ കഥയും കഥാപാത്രങ്ങളും അവതരിപ്പിക്കുവാനാണ് എനിക്കിഷ്ടം

  • മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്താണ് പറയുന്നത് ? മോഹൽലാലിന്റെ ഉലഹന്നാനെക്കുറിച്ചു പറയാമോ?

തികച്ചും ഒരു കുടുംബ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങൾ അവന്റെ സന്തോഷവും സങ്കടവും ഒക്കെയാണ് ഈ ചിത്രത്തിലുള്ളത്. പ്രണയത്തിലൂടെ ജീവിതത്തിലെ ചില നഷ്ടങ്ങൾ തിരിച്ചു പിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്ന് പറയാം.ലാലേട്ടൻ മുൻപ് ചെയ്തിട്ടുള്ള ചില കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് ഉലഹന്നാൻ എന്ന് പറയാൻ കഴിയില്ല. അതേ സമയം തികഞ്ഞ കയ്യടക്കത്തോടെ, തികഥാകൃത്തും സംവിധായകനും മനസ്സിൽ കണ്ടതിനേക്കാൾ പതിന്മടങ്ങ് മികവോടെയാണ് ലാലേട്ടൻ ഉലഹന്നാനെ അവതരിപ്പിച്ചിരിക്കുന്നത്.

 
  • കലയും രാഷ്ട്രീയവും മതവും ഒക്കെച്ചേർന്ന് കലുഷിതമായ സാഹചര്യങ്ങൾ സൃഷിടിക്കുന്ന കാലം. ഒരു കലാകാരൻ എന്ന നിലയിൽ എന്താണ് പറയാനുള്ളത്?
 
ദുഃഖകരവും ആശങ്ക ഉളവാക്കുന്നതുമായ സാഹചര്യമാണിത്. സിനിമ എന്നല്ല ഏതു കലയും സമൂഹത്തെ ഒന്നിപ്പിക്കുവാനും ഗുണപരമായ മാറ്റങ്ങൾക്ക് വഴി തെളിയിക്കുവാനും ഉതകുന്നതാകണം.കലാകാരന്റെ ജാതിയും മതവും ചർച്ചചെയ്യപ്പെടുന്ന ദുഷിച്ച സാഹചര്യം വേദനാ ജനകമാണ്.