Exclsuive Interview with Actor Tovino Thomas
വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച്   , ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ യുവ നടന്മാരുടെ മുൻ നിരയിലേക്ക് നടന്നു കയറിയ ടോവിനോ തോമസ് ‘മലയാള സിനിമാ ലൈവി’ നോട്  മനസ്സ് തുറക്കുന്നു.
  • വില്ലനായി  തുടക്കം, പിന്നീട് സഹനടൻ, ഇപ്പോൾ  നായകനും. ഇനി  നായക  കഥാപാത്രങ്ങൾ മാത്രമേ അവതരിപ്പിക്കുകയുള്ളുവെന്നുണ്ടോ?
= ഞാന്‍ വില്ലനായും, നായകനായും, സഹനടനായും, ഹാസ്യ കഥാപാത്രവുമായുമൊക്കെ  അഭിനിയിച്ചിട്ടുണ്ട് .ആദ്യം ചെയ്തത് സഹനടന്‍ ആയിട്ടാണ് പ്രഭുവിന്‍റെ മക്കളില്‍ , പിന്നെ ആണ്  വില്ലന്‍ ആയി അഭിനയിച്ചത് , അത് കഴിഞ്ഞു കൂതറയില്‍ നായകന്‍ ആയി അഭിനയിച്ചു. വീണ്ടും സ്റ്റൈല്‍ എന്ന സിനിമയില്‍  വില്ലന്‍ ആയി . നായക വേഷം കിട്ടാഞ്ഞിട്ടല്ല ഇത് വരെ ചെയ്യാതിരുന്നത്. ഏതു വേഷം ആയാലും എനിക്ക്  പെർഫോം ചെയ്യാന്‍ എന്തെങ്കിലും ഉണ്ടാകണം എന്നുണ്ട് .
  • നടൻ എന്ന നിലയിൽ ടോവിനോയെ എങ്ങനെ സ്വയം വിലയിരുത്തുന്നു?
= ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ഇനിയും  ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു, വളരേ  ണ്ടിരിക്കുന്നു .ഞാന്‍ ഓരോ ദിവസം ഓരോ നടന്മാരെ കണ്ടു പഠിച്ചു കൊണ്ടിരിക്കുന്നു . അഭിനയത്തില്‍ ഓരോ ദിവസവും എനിക്ക് പ്രതിസന്ധികളെ കടന്നു മുന്നേറേണ്ടിയിരിക്കുന്നു .അതിനു വേണ്ടിയുള്ള  കഠിന പ്രയത്നം എന്റെ ഭാഗത്ത്‌ നിന്നും എന്തായാലും ഉണ്ടാകും . മനസില്‍ വിചാരിക്കുന്ന നല്ല കുറെ ഭാവങ്ങള്‍ ഉണ്ട്. അത് മുഖത്ത് വന്നാല്‍ ഞാന്‍ നല്ലൊരു നടന്‍ ആകും. പക്ഷെ ഇത് വരെ ഞാന്‍ അത്രെയും ആയിട്ടില്ല.
  • കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ എന്ത് മാനദണ്ഡമാണ് സ്വീകരിക്കുന്നത്?
= നല്ല സിനിമ ആയിരിക്കണം, എനിക്ക് അതില്‍ പെർഫോം ചെയ്യാൻ സ്കോപ്പ്   ഉണ്ടോ എന്ന് നോക്കും. ഇത് രണ്ടും ഒരുമിച്ചു വരികയാണെങ്കിൽ  ഞാന്‍ അത് ചെയ്യും .
  • ഏതെങ്കിലും സ്വപ്ന കഥാപാത്രങ്ങൾ?
= അങ്ങനെ പ്രത്യേക  കഥാപാത്രങ്ങൾ  ഒന്നുമില്ല  .എനിക്ക് ഒരുപാട് സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട് .പക്ഷെ നേരത്തെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് മാത്രമേ ഉള്ളു .
  • സ്വന്തം സ്വഭാവത്തിൽ ഏറ്റവും ഇഷടമുള്ളതും, തീരെ ഇഷ്ടമില്ലാത്തതും എന്താണ്?
 = രണ്ടിനും  ഞാന്‍  ഉത്തരം പറയില്ല . കാരണം . എന്റെ സ്വഭാവത്തില്‍  എനിക്ക് ഇഷ്ടം  ഇല്ലാത്ത  കാര്യങ്ങള്‍  ഞാന്‍ മറ്റുള്ളവരെ  പറഞ്ഞറിയിക്കണോ?  അവര്‍ക്ക്  അങ്ങനെ  തോന്നിയിട്ടിലെങ്കിലോ ?  നേരെ മറിച്ചു  എന്റെ സ്വഭാവത്തില്‍  എനിക്ക്  ഏറ്റവും  ഇഷ്ടമുള്ള  കാര്യം  ഞാന്‍ അല്ല  തീരുമാനിക്കുന്നത്‌, മറ്റുള്ളവരാണ്. എനിക്ക്  ചുറ്റും ഉള്ളവരാണ്  എന്റെ സ്വഭാവത്തില്‍ നല്ലതുണ്ടോ മോശം  ഉണ്ടോ എന്ന് തീരുമാനിക്കുന്നത്‌ . അത്  ഞാന്‍ മറ്റുള്ളവര്‍ക്ക്  വിട്ടു കൊടുക്കുവാണ്. എന്നെ എനിക്ക് ഭയങ്കര  ഇഷ്ടമാണ്  . ഞാന്‍  എന്ത് തെറ്റ് ചെയ്താലും എന്നോട്  ഉള്ള ഇഷ്ടം എനിക്ക് കുറയുകയില്ല . അപ്പോള്‍  പിന്നെ  ഞാന്‍ ആയിട്ട് എനിക്ക് ഇഷ്ടം  ഉള്ളതും ഇല്ലാത്തതും പറയുന്നതിലും അർഥമില്ല.
  • സിനിമയിൽ ആരോടൊക്കെയാണ് കടപ്പാട്?
= കടപ്പാടുള്ളവരുടെ പേരുകൾ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. 2012 ജനുവരി 28 നാണ് എന്റെ  സിനിമ ജീവിതം തുടങ്ങിയത് . അന്ന് മുതല്‍ എന്നെ ഏതെങ്കിലും രീതിയില്‍ സഹായിച്ച എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്.
  • സിനിമയിൽ റോൾ മോഡലുകൾ ഉണ്ടോ?
= ഒരാളെ മാത്രമായി റോള്‍ മോഡല്‍ ആക്കാൻ  ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെക്കാൾ കഴിവുള്ള എല്ലാവരും  എന്റെ റോള്‍ മോഡല്‍ ആണ് .  അവരെപ്പോലെ  ആകാനാണ്  ഞാന്‍ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.
  • മലയാളത്തിൽ ആയിരത്തി അഞ്ഞൂറിലധികം അഭിനേതാക്കൾ ഉണ്ടെങ്കിലും, സിനിമ കൊണ്ട് ഉപജീവനം കഴിക്കുന്നവർ അമ്പതിൽ താഴയേ ഉണ്ടാകൂവെന്ന് നടൻ ജോജു അടുത്തിടെ പറയുകയുണ്ടായി.യുവ തലമുറയിലെ സിനിമാ മോഹികളോട് എന്താണ് പറയാനുള്ളത്?
= ശരി ആയിരിക്കാം . എനിക്ക് അതിനെ പറ്റി കൂടുതല്‍ അറിയില്ല . യുവ തലമുറയിലെ സിനിമ മോഹികളോട് പറയാന്‍ ഉള്ളത് എനിക്ക് എന്നോട് പറയാന്‍ ഉള്ളത് തന്നെ ആണ് . നമ്മളുടെ ജീവിതത്തില്‍ ചീത്ത സമയവും നല്ല സമയവും ഉണ്ടാകും  . നല്ല സമയം വരുമ്പോള്‍ അത് പറ്റുന്ന അത്രയും  ഉപയോഗപെടുത്തുക ,  ഉഴപ്പാതിരിക്കാൻ പരമാവധി ശ്രമിക്കുക.  . അതില്‍ മതി മറന്നു പോകാതെ നമ്മളുടെ കരിയറില്‍ ശ്രദ്ധിച്ചു മുന്നോട്ടു പോകുക . അങ്ങനെ  പരിശ്രമിച്ചാല്‍ ജീവിതക്കാലം മുഴവന്‍ ഉപജീവനം കഴിക്കാം .നമ്മള്‍ എന്തെങ്കിലും കാര്യം വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് നടത്തിത്തരാൻ  ലോകം മുഴവന്‍ കൂടെ ഉണ്ടാകും  എന്ന് പറയുന്നത് പോലെ എന്‍റെ കരിയറില്‍ അനുഭവച്ചിട്ടുണ്ട്  . ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ച കാര്യം നടത്തി തരാന്‍ എന്റെ കൂടെ ഉള്ളവര്‍ സഹായിച്ചിട്ടുണ്ട്.
  • ഏറ്റവും ഇഷ്ടമുള്ള 5 മലയാള സിനിമകൾ, ഇഷ്ടവും ആരാധനയും തോന്നുന്ന അഭിനേതാക്കൾ
= ആയിരക്കണക്കിന്  ഗംഭീര സിനിമകള്‍ ഉള്ള  മലയാളത്തിലെ 5 സിനിമകള്‍ പറയാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. എന്നാലും ഇപ്പോള്‍  മനസ്സില്‍ വരുന്ന 5 എണ്ണം പറയാം . മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ , ഗോഡ് ഫാദര്‍ , ദേവാസുരം, മണിച്ചിത്രത്താഴ് , ധ്രുവം . ഇത് കൂടാതെ ധാരാളം ബാക്കി ഉണ്ട് . ഞാന്‍ എല്ലാ സിനിമകളും പരമാവധി കാണാന്‍ ശ്രമിക്കുന്ന ഒരാള്‍ ആണ്. ജീവിച്ചിരിക്കുന്നവരും  മരിച്ചവരുമായ ആയ ഒരു പാട് നല്ല അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടായിടുണ്ട് .നായക വേഷം ചെയ്യുന്നവരോട്  മാത്രം അല്ല ആരാധന  തോന്നിയിടുള്ളത്. ശങ്കരാടി ചേട്ടനോടും , ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനോടും ഒക്കെ ഭയങ്കര  ആരാധന  തോന്നിയിട്ടുണ്ട്‌ . എന്ന്  വെച്ച് നായക വേഷത്തില്‍ അഭിനയിക്കുന്നവരോട് ബഹുമാനവും ആരാധനയും  ഇല്ലെന്നല്ല . തീര്‍ച്ചയായും മമ്മൂക്കയേയും, ലാലെട്ടനെയും കണ്ടിട്ടാണ് നമുക്ക്  സിനിമ എന്ന കലയോട് സ്വപ്നം തന്നെ തോന്നുന്നത് . അതുപോലെ  മുരളി ചേട്ടനെ  ഭയങ്കര ഇഷ്ടം ആണ് . ഇപ്പോള്‍ ഉള്ള അഭിനേതാക്കളിൽ  ഫഹദ് ഫാസിലിനോട് ഭയങ്കര ആരാധന ഉണ്ട്. അദ്ദേഹത്തിന്റെ അഭിനയ ശൈലി ഏറെ ഇഷ്ടമാണ്
  • പുതിയ സിനിമകൾ ഏതൊക്കെയാണ്?
=  നാളെ ഗപ്പി റിലീസ് ചെയ്യുന്നു , അത് കഴിഞ്ഞാൽ  പ്രിത്വിരാജ് നായകനായ  എസ്രാ എന്ന സിനിമ. ഇപ്പോള്‍ ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ഗോദ  എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് . ഇനിയുമുണ്ട് സിനിമകള്‍, അതിന്‍റെ ഒഫീഷ്യല്‍ അനനൌന്‍സ്മെന്‍റ് വരാന്‍ കാത്തിരിക്കുന്നു.

Exclsuive Interview with Actor Tovino Thomas