Bipin Chandran Talks about His Upcoming Movie C/O Saira Banu

വ്യത്യസ്തത പുലർത്തുന്ന സിനിമകളുടെ ഭാഗമാവുക എന്നത് മിക്ക ചലച്ചിത്ര പ്രവർത്തകരുടേയും ആഗ്രഹമാണെങ്കിലും അതിനുള്ള അവസരങ്ങളും സാഹചര്യങ്ങളും എല്ലാവർക്കും ലഭിക്കാറില്ല.തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിൽ 8 വർഷങ്ങളായി മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായ ബിപിൻ ചന്ദ്രന്റെ ചിത്രങ്ങൾ മിക്കവയും പ്രമേയപരമായും അവതരണ രീതികളിലും വേറിട്ടവയാണ്. ബെസ്‌റ് ആക്ടർ, ഡാഡി കൂൾ, 1983, പാവാട, കിംഗ് ലയർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിപിൻ സംഭാഷണ രചയിതാവുന്ന ‘കെയർ ഓഫ് സൈറാ ബാനു’ റിലീസിനൊരുങ്ങുന്നു. ബിപിൻ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ‘മലയാള സിനിമാ ലൈവി’നോട് പങ്കു വെയ്ക്കുന്നു

  • സൈനാ ബാനുവിലേക്ക് എത്തുന്നത്

              ഒരു കൊച്ചു കുടുംബ ചിത്രം എന്ന വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘കെയർ ഓഫ് സൈറാ ബാനു’. ഞാൻ ഇതുവരെ ഭാഗമായ ചിത്രങ്ങളിൽ നിന്ന് പ്രമേയപരമായി വേറിട്ട് നിൽക്കുന്ന സിനിമയാണ് ഇത്. ഇത്തരം ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ ഞാൻ കണ്ടിട്ടുമില്ല. അത് തന്നെയാണ് ‘കെയർ ഓഫ് സൈറാ ബാനു’വിന്റെ ഭാഗമാകാൻ പ്രേരണയായത്.

  • നായികാ പ്രാധാന്യമുള്ള ചിത്രം

            സൈറാ ബാനു എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ പറഞ്ഞു പോകുന്ന കഥയാണ് ഈ സിനിമയുടേത്. നായികാ പ്രാധാന്യമുള്ള ഒരു സിനിമ സൃഷ്ടിക്കുക എന്ന ബോധപൂർവമായ ശ്രമം ഈ സിനിമയുടെ പിന്നിൽ ഉണ്ടായിട്ടില്ല

  • മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച അഭിനയ പ്രതിഭകൾ – മഞ്ജു വാര്യരും അമലയും ഒരുമിക്കുമ്പോൾ

            കാഴ്ചക്കാരൻ എന്ന നിലയിൽ എന്നേയും ഏറെ വിസ്മയിപ്പിച്ചിട്ടുള്ള അഭിനയത്രികളാണ് ഇരുവരും. കഥാപാത്രങ്ങളെ ഉൾക്കൊണ്ടുകൊണ്ട് , അവയുടെ പൂർണതയ്ക്കായി പുലർത്തുന്ന നിതാന്ത ശ്രമങ്ങളാണ് അഭിനേതാക്കളുടെ മഹത്വം. മഞ്ജു വാര്യരുടേയും അമലയുടേയും അഭിനയ മികവ് പ്രതിഭാധനരായ സംവിധായകരും എഴുത്തുകാരും പ്രകീർത്തിച്ചിട്ടുള്ളതുമാണ്. ഇരുവരും ഒരുമിച്ച ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നു.

  • ഇടവേളയ്‌ക്കു ശേഷം അമല വീണ്ടും മലയാളത്തിൽ

           സംവിധായകൻ ആന്റണി സോണി ഈ ചിത്രത്തിൻറെ പ്രമേയത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ അമല ഈ ചിത്രവുമായി സഹകരിക്കാൻ തയ്യാറായി. ഞാൻ രചിച്ച സംഭാഷണങ്ങളെക്കുറിച്ച് ‘വനിത’ യ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞ നല്ല വാക്കുകൾ ഏറെ സന്തോഷവും അഭിമാനവും നൽകി.